Home Kerala‘മന്ത്രിമാര്‍ മാറി, ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ല’; പിണറായിയുടെ വിമര്‍ശനത്തിന് ഷിബു ബേബി ജോണിന്റെ മറുപടി

‘മന്ത്രിമാര്‍ മാറി, ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ല’; പിണറായിയുടെ വിമര്‍ശനത്തിന് ഷിബു ബേബി ജോണിന്റെ മറുപടി

by news_desk1
0 comments

കൊച്ചി: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാര്‍ മാറിയെങ്കിലും വന്യജീവി പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമാണ് മാറിയതെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭ മാറിയ വിവരം അറിഞ്ഞിട്ടല്ല ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതെന്നും, മന്ത്രിസഭ മാറിയതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണ പരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമര്‍ശനത്തിന് താത്കാലികമായി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷം വേണ്ടിവരുമെന്ന മന്ത്രിയുടെ മുന്‍ പ്രസ്താവനയെ പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്വം ഒഴിവാക്കുകയാണെന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

അതേസമയം, ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഷിബു ബേബി ജോണ്‍ അറിയിച്ചു. ആക്രമണത്തില്‍ മാതാവിനെ നഷ്ടമായ 11 വയസുകാരന്റെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണങ്ങളില്‍ നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അപകട ഇന്‍ഷുറന്‍സ് ട്രിബ്യൂണല്‍ മാതൃകയില്‍ പുതിയ നഷ്ടപരിഹാര സംവിധാനം കൊണ്ടുവരുന്നതിനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം ലഭിക്കാത്തത് വലിയ വെല്ലുവിളിയാണെന്നും മുന്‍കാലങ്ങളില്‍ അനുവദിച്ച ഫണ്ടിന്റെ പൂര്‍ണതുകയും ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി അടിയന്തര ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

You may also like