തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കൂടിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത്. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ തന്നെ ബലിയാടാക്കാനും പ്രതിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് ആരോപിച്ച് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് മഹേശൻ അയച്ച കത്ത് പുറത്തുവന്നു.
മരണത്തിന് മുമ്പ് എഴുതിയ കത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും നോട്ടീസ് അയച്ച് വിളിപ്പിച്ചുവെന്നും കുറ്റം ചുമത്താനുള്ള ശ്രമം നടന്നുവെന്നും മഹേശൻ കത്തിൽ വ്യക്തമാക്കുന്നു.
“ടി.ആർ. സന്തോഷ് എന്ന ഉദ്യോഗസ്ഥൻ വിളിച്ചുവരുത്തി രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മൊഴിയെടുത്തു. കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ പോയിട്ടുപോലുമില്ലാത്ത സ്ഥലങ്ങളിലെ കേസുകളിലും എന്നെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്നെ കുറ്റക്കാരനാക്കാനുള്ള മുൻവിധിയുണ്ടായിരുന്നുവെന്ന് തോന്നി” എന്നാണ് കത്തിലെ പരാമർശം.
മഹേശൻ ഇക്കാര്യം പലതവണ പങ്കുവെച്ചിരുന്നുവെന്ന് ബന്ധുവായ എം.എസ്. അനിൽ പറഞ്ഞു. മരണത്തിന് തലേ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനുമുമ്പ് മൊഴി നൽകിയിട്ടും വീണ്ടും വിളിപ്പിച്ചതിൽ അദ്ദേഹം മാനസികമായി ഏറെ അസ്വസ്ഥനായിരുന്നുവെന്നും അനിൽ പറഞ്ഞു.
“രാവിലെ വിളിച്ചുകൊണ്ടുപോയ മഹേശനെ വൈകുന്നേരത്തോടെയാണ് പുറത്തുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിയ മൊഴിയിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തിയെന്നും അതിന് താൻ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് ഈ കേസിൽ യാതൊരു കുറ്റവുമില്ലെന്നും പണം വിതരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തിപരമായ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം ഉറച്ച നിലപാടിലായിരുന്നു,” അനിൽ വ്യക്തമാക്കി.
പ്രശാന്ത് കാണി, സന്തോഷ് കുമാർ, ഗോപകുമാർ എന്നീ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് മഹേശൻ പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി. ടോമിൻ തച്ചങ്കരിയെ നേരിൽ കാണണമെന്ന ആവശ്യം മഹേശൻ ഉന്നയിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ. മഹേശന്റെ മരണവും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, അന്വേഷണ നടപടികളെയും അന്നത്തെ ക്രൈംബ്രാഞ്ച് പ്രവർത്തനങ്ങളെയും കുറിച്ച് പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്.
