Home Top Stories12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും അതിശക്തമായ മഴ, പി.എസ്.സി പരീക്ഷകൾ മാറ്റി

12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും അതിശക്തമായ മഴ, പി.എസ്.സി പരീക്ഷകൾ മാറ്റി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ ബാക്കിയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം തീയതിയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. നിലവിൽ അഞ്ചാം തീയതിക്ക് പ്രത്യേക മഴ മുന്നറിയിപ്പില്ല. ആറാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയതിയും സമാന ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോട്ടയം, തൃശൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെങ്കിൽ അതത് അറിയിപ്പുകൾ പ്രകാരം തുടരും.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് പി.എസ്.സി നാളെയും 5, 6, 10 തീയതികളിലും നടത്താനിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമത പരീക്ഷകളും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാറ്റിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഴ കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22-ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് പി.എസ്.സി അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ മൂന്നിരട്ടിയിലേറെ മഴ ലഭിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ കാലയളവിൽ സംസ്ഥാനത്ത് 184.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ടത് 55.4 മില്ലിമീറ്റർ മാത്രമായിരുന്നു. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും സാധാരണയേക്കാൾ 60 ശതമാനത്തിലധികം അധികമഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലും രണ്ടാമതായി തിരുവനന്തപുരം ജില്ലയിലുമാണ്.

You may also like