Home Keralaഐപിഎസ് തലപ്പത്ത് ഉടൻ അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സജീവം

ഐപിഎസ് തലപ്പത്ത് ഉടൻ അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സജീവം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഉന്നതതലത്തിൽ ഉടൻ വ്യാപക അഴിച്ചുപണിക്ക് സാധ്യതയുള്ളതോടെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചരടുവലികൾ ശക്തമാകുന്നു. ഡിജിപി നിതിൻ അഗർവാളിന്റെ വിരമിക്കലോടെ ഒരു ഡിജിപി റാങ്ക് ഒഴിവാകാനിരിക്കെ, ആ സ്ഥാനത്തേക്കുള്ള പരിഗണന നേടാൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നാണ് സൂചന.

സീനിയോറിറ്റിയിൽ മുൻപന്തിയിലുള്ളത് എം.ആർ. അജിത് കുമാറാണ്. എന്നാൽ ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ അദ്ദേഹത്തിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും സമീപകാല ആരോപണങ്ങളും വാർത്തകളും അതിന്റെ ഭാഗമാണെന്നും അജിത് കുമാർ പ്രതികരിച്ചിട്ടുമുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് തുടരുന്നതിൽ സർക്കാരിന് താൽപര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന് പകരം ദിനേന്ദ്ര കശ്യപ്പോ പി. വിജയനോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പുതിയ നിയമനങ്ങളെ ചൊല്ലി ആഭ്യന്തര വകുപ്പിൽ വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ജില്ലാതലത്തിലും പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയായി എസ്.പി. ഷൗക്കത്തലി എത്തുമെന്നാണ് സൂചന. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർമാരുടെയും സ്ഥാനമാറ്റം പരിഗണനയിലുണ്ടെന്നാണ് വിവരം.

ഐപിഎസ് തലത്തിലെ പുനഃക്രമീകരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടൻ നിർണായക ചർച്ച നടത്തും. അതിന് ശേഷമാകും അന്തിമ ഉത്തരവുകൾ പുറത്തിറങ്ങുക.

പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഐഎഎസ് തലപ്പത്തും വലിയ അഴിച്ചുപണി നടന്നിരുന്നു. സസ്‌പെൻഷനിലായിരുന്ന ബി. അശോകിനെയും എൻ. പ്രശാന്തിനെയും വീണ്ടും പ്രധാന ചുമതലകളിലേക്ക് നിയമിച്ചത് ശ്രദ്ധേയമായിരുന്നു. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായിക-യുവജനക്ഷേമ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റി തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പൊലീസിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള പുനഃക്രമീകരണങ്ങളും അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്.

You may also like