ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കായിരുന്ന കുട്ടിയെ കണ്ട നാട്ടുകാർ വിവരം ഹരിപ്പാട് പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈന്റെ നിർദേശപ്രകാരം മഹാരാജയെ നിലവിൽ സെന്റ് തോമസ് ബാലികാ ഭവനിൽ താൽക്കാലികമായി പാർപ്പിച്ചിരിക്കുകയാണ്.
മാതാവ് മരണപ്പെട്ടതിനെ തുടർന്ന് പിതാവ് വീണ്ടും വിവാഹിതനായിരുന്നു. തുടർന്ന് മഹാരാജയും അനുജൻ ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥാലയത്തിൽ നിന്നാണ് പഠിച്ചിരുന്നത്. ഒരു മാസം മുമ്പ് ഹരിപ്പാട്ടിൽ കുട നന്നാക്കുന്ന ജോലി ചെയ്യുന്ന പിതാവിന്റെ അനുജൻ അന്തോണിയാണ് ഇരുവരെയും ഹരിപ്പാട്ടേക്ക് കൊണ്ടുവന്നത്.
ഇവരെ ദിവസവും രാവിലെ ഒരു സംഘത്തിനൊപ്പം ഭിക്ഷാടനത്തിനായി പറഞ്ഞുവിടുകയും ഉച്ചയ്ക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകുകയും ചെയ്ത ശേഷം വീണ്ടും ഭിക്ഷാടനത്തിന് നിയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
പ്രതിദിനം 1500 രൂപയാണ് കുട്ടികൾക്ക് ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. ദിവസവരുമാനം 1000 രൂപയിൽ താഴെയായാൽ അന്തോണി കുട്ടികളുടെ തലയ്ക്ക് പിന്നിൽ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും മഹാരാജ പറഞ്ഞു. ഈ മർദനം സഹിക്കാനാകാതെയാണ് കുട്ടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
മഹാരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് അനുജനെയും അന്തോണിയെയും കണ്ടെത്താൻ ഹരിപ്പാട്ടിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം പുറത്തറിഞ്ഞതോടെ ഇവർ പ്രദേശം വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
നഗരത്തിൽ ഭിക്ഷാടന മാഫിയ സജീവമാണെന്നും ഇതിനെതിരെ പൊലീസും ചൈൽഡ് ലൈനും അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
