തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പാസ് പുതുക്കൽ ഫീസ് ഒറ്റയടിക്ക് 11 ഇരട്ടി വർധിപ്പിച്ചത് സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള നീതികേടും വഞ്ചനയുമാണെന്ന് എസ്എഫ്‌ഐ പ്രസ്താവനയിൽ ആരോപിച്ചു.
കഴിഞ്ഞ അധ്യയന വർഷം വരെ വെറും 10 രൂപയ്ക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന യാത്രാ പാസിനാണ് ഇപ്പോൾ 110 രൂപ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വർധന വിദ്യാഭ്യാസത്തിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ചെറിയ തുക ഈടാക്കി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവകാശത്തെ സംരക്ഷിച്ചിരുന്ന സമീപനത്തിൽ നിന്ന് വ്യത്യസ്തമായ നടപടിയാണ് ഇപ്പോഴത്തെ ചാർജ് വർധനയെന്നും, ഇത് വിദ്യാർത്ഥികളുടെ യാത്രാവകാശത്തെ ബാധിക്കുന്ന തീരുമാനമാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
വഞ്ചനാപരമെന്ന് വിശേഷിപ്പിച്ച ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം യാത്രാവകാശ സംരക്ഷണത്തിനായി വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്‌ഐ മുന്നറിയിപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദും പ്രസിഡന്റ് പി. എസ്. സഞ്ജീവും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
