തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നിലവിൽ വെളിയങ്കോട് താമസക്കാരനുമായ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ പിൻവശത്തെ ചുമരിൽ മാൻഹോൾ പോലെ തുരന്ന് മോഷണശ്രമം നടന്നത്. മോഷണത്തിനിടെ സെക്യൂരിറ്റി അലാം പ്രവർത്തിച്ചതോടെ പ്രതികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രത്തിൽ നടന്ന സംഭവത്തെ തുടർന്ന് വ്യാപാരികളിൽ ആശങ്ക ഉയർന്നിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്വല്ലറി തുരക്കാനും ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാനുമായി കൊണ്ടുവന്ന ഓക്സിജൻ ഗ്യാസ് സിലിണ്ടർ, കമ്പിപ്പാര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പൊലീസ് കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
സെക്യൂരിറ്റി അലാം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ജില്ലയിലെ ഏറ്റവും വലിയ കവർച്ചകളിലൊന്നായി ഇത് മാറുമായിരുന്നുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മോഷണത്തിനായി പ്രതികൾ വൻ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ജ്വല്ലറി തുറക്കുന്നതിനും ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനുമായി ആവശ്യമായ ഗ്യാസ് സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും രണ്ട് ദിവസം മുൻപേ ജില്ലയ്ക്ക് പുറത്തുനിന്ന് ശേഖരിച്ച്, കേസിലെ മൂന്നാം പ്രതിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ നൗഷാദിന്റെ വാഹനത്തിൽ ജ്വല്ലറിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ചിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാൻ ഇരുചക്ര വാഹനത്തിലാണ് മോഷണശ്രമത്തിനായി എത്തിയത്.
ഈ കേസിലെ പ്രധാന ആസൂത്രകനും മുഖ്യപ്രതിയുമായ ഓട്ടോ സുഹൈൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 50-ലധികം മോഷണക്കേസുകളിൽ പ്രതിയാണ്. പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്ന് 500 പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. മോഷണങ്ങളിലൂടെ ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ ശൈലിയെന്നും പൊലീസ് പറഞ്ഞു.
മൂന്ന് മാസം മുൻപ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കഴുമല്ലൂർ ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ മികവാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

