കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ജനപ്രതിനിധികളും ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വൈകുന്നേരം പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളിയിൽ സംസ്കാരം നടന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കനത്ത മഴയെ തുടർന്ന് പയ്യാനിത്തോട്ടത്തെ മണപ്പാട്ട് വീട്ടിലേക്ക് ഉരുൾപൊട്ടൽ ഉണ്ടായത്. എം. ജെ. ജോണിയുടെ വീടിന് മുകളിലേക്ക് ഉരുളെത്തിയപ്പോൾ വീട്ടിൽ ഉറങ്ങുകയായിരുന്ന ഭാര്യ റെജീനയും മകൻ ജോസഫൈനും മണ്ണിനടിയിൽപ്പെടുകയായിരുന്നു.
സംഭവസമയത്ത് ചികിത്സയിൽ കഴിയുന്ന പിതാവിന് കൂട്ടിരിക്കാനായി ജോണി ആശുപത്രിയിലായിരുന്നു. മക്കളായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ ഭർത്താവിന്റെ വീട്ടിലുമായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ വിവരം അറിയിച്ചതോടെയാണ് ജോണി ദുരന്തവിവരം അറിഞ്ഞത്.
വീട് പൂർണമായും മണ്ണിനടിയിൽ മൂടപ്പെട്ടതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മണ്ണുമാന്തി യന്ത്രവും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആദ്യം ജോസഫൈന്റെയും പിന്നീട് റെജീനയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
രണ്ട് വർഷം മുമ്പാണ് ജോണിയും കുടുംബവും പയ്യാനിത്തോട്ടത്ത് പുതിയ വീട് നിർമ്മിച്ച് താമസം ആരംഭിച്ചത്.

