Home Keralaപൊലീസിനെ ആക്രമിച്ചതിനും കേസ്; നാടകീയമായി അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

പൊലീസിനെ ആക്രമിച്ചതിനും കേസ്; നാടകീയമായി അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

by news_desk
0 comments

തിരുവനന്തപുരം: വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റിന് പിന്നാലെ, പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ വന്‍ പൊലീസ് സന്നാഹം എത്തിയാണ് കഴിഞ്ഞ ദിവസം രാത്രി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്. കാപ്പാ (KAAPA) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്ന ഇയാളെ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഒളിവിലായിരുന്ന സുഗതന്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് പരിശോധന നടത്തിയത്. ഈ സമയത്ത് സുഗതന്റെ അനുയായികള്‍ പൊലീസിനെ വളയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് (എസ്എച്ച്ഒ) അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി.ഐ വിപിന്‍, എസ്.ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് സുഗതനും അനുയായികള്‍ക്കുമെതിരെ ഇപ്പോള്‍ പുതിയ കേസ് ചുമത്തിയിരിക്കുന്നത്.

അതേസമയം, അറസ്റ്റിന് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം.

രാത്രി ഒന്‍പത് മണിയോടെ വനിതാ പൊലീസുകാരില്ലാതെ വീട്ടിലെത്തിയ പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അശ്വതി മാധ്യമങ്ങളോട് പറഞ്ഞു. മുഖത്തടിക്കുകയും നടുവിന് ചവിട്ടുകയും ചെയ്ത പൊലീസ്, തന്റെ താലിമാല പൊട്ടിച്ചെടുത്തതായും ഭയന്നുകരഞ്ഞ എട്ടുവയസ്സുള്ള കുഞ്ഞിനെ തള്ളിമാറ്റിയതായും അവര്‍ ആരോപിച്ചു. ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നല്‍കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. പൊലീസിനെ അനുയായികള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍, കുപ്രസിദ്ധ കുറ്റവാളികള്‍ക്കെതിരെ ചുമത്തുന്ന കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ സുഗതനെ ശക്തമായ സുരക്ഷാ വലയത്തിലാണ് പൊലീസ് ജയിലിലേക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

You may also like