തിരുവനന്തപുരം: കടുത്ത ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് വി. ശിവൻകുട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. രാവിലെ 9:30-ന് ആരംഭിച്ച നിർണായകമായ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നാണ് സംസ്ഥാന സമിതി അംഗം കൂടിയായ വി. ശിവൻകുട്ടി വിട്ടുനിൽക്കുന്നത്. മന്ത്രിയായിരുന്ന കാലയളവിൽ പോലും ജില്ലയിലെ സംഘടനാ യോഗങ്ങളിൽ ഒന്നുപോലും മുടക്കാതെ പങ്കെടുത്തിരുന്ന ശിവൻകുട്ടിയുടെ പെട്ടെന്നുള്ള ഈ മാറിനിൽക്കൽ പാർട്ടിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയും പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായിരുന്നു ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടകൾ. ഇതിന് മുന്നോടിയായി ഇന്നലെ ചേർന്ന ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി. ജോയിയെത്തന്നെ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തെ യോഗത്തിൽ മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ ശക്തമായി എതിർത്തിരുന്നു. വി. ജോയിക്ക് പകരം വി. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന നിർദേശമാണ് കടകംപള്ളി മുന്നോട്ടുവെച്ചത്.
എം.എൽ.എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നതാണ് സിപിഎമ്മിലെ പൊതുവായ സംഘടനാ രീതി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വി. ജോയിയെ താൽക്കാലികമായി മാറ്റി, സംസ്ഥാന കമ്മിറ്റി അംഗമായ എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ ജില്ലയിലെ രൂക്ഷമായ വിഭാഗീയതയും തർക്കങ്ങളും കാരണം സമ്മേളനം തിരഞ്ഞെടുത്ത വി. ജോയി തന്നെ തുടരട്ടെയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. മുതിർന്ന നേതാക്കളായ ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ എന്നിവർ ജോയിയെ പിന്തുണച്ചതോടെയാണ് കടകംപള്ളിയുടെ നിർദേശം തള്ളപ്പെട്ടത്. സംസ്ഥാന നേതൃത്വത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിലുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോൾ വി. ശിവൻകുട്ടിയുടെ യോഗ ബഹിഷ്കരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

