തൃശ്ശൂർ: ശക്തമായ മഴയും ചില താലൂക്കുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്ന സാഹചര്യവും പരിഗണിച്ച് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ഉത്തരവ്. അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (ഇന്റർവ്യൂ) മാറ്റമില്ല. അവധി മൂലം നഷ്ടമാകുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയുൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് കുട്ടികൾ ഇറങ്ങരുതെന്നും അവയ്ക്ക് സമീപത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ദുരന്തനിവാരണ സേനയുടെയോ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

