Home Kerala‘കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി ആർ. ബിന്ദു

‘കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി ആർ. ബിന്ദു

by news_desk1
0 comments

തിരുവനന്തപുരം: എം.ജി സർവകലാശാലയുടെ 30 അംഗ സെനറ്റിലേക്ക് അംഗങ്ങളെ നിർദേശിച്ച പാനൽ കഴിഞ്ഞ സർക്കാരാണ് നൽകിയതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻമന്ത്രി ആർ. ബിന്ദു. കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ലെന്നും ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നിർദേശമാണ് അതെന്നും അവർ വ്യക്തമാക്കി.

പുതിയ സർക്കാർ ഈ വിഷയത്തിൽ ഒരു അഭിപ്രായവ്യത്യാസം പോലും രേഖപ്പെടുത്തിയില്ലെന്നും ആർ. ബിന്ദു കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തിൽ സമ്പൂർണ മൗനം പാലിക്കുകയാണെന്നും അവർ വിമർശിച്ചു.

കഴിഞ്ഞ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നുവെന്നും പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവങ്ങൾ മുൻ സർക്കാരിന്റെ തലയിൽ ചുമത്തരുതെന്നും ആർ. ബിന്ദു പറഞ്ഞു. യു.ഡി.എഫ്-ബി.ജെ.പി ധാരണയുടെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും ഗവർണർ ആരംഭിച്ച കാവിവൽക്കരണ പദ്ധതി തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അവർ ആരോപിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഗവർണർ ആളുകളെ നിയമിക്കാൻ തുടങ്ങിയത് പുതിയ സർക്കാർ വന്നതിന് ശേഷമാണോയെന്ന് ചോദിച്ച അദ്ദേഹം, സർവകലാശാലകളിൽ ഇത്തരം നിയമനങ്ങൾ കുറച്ചുകാലമായി നടക്കുന്നതാണെന്നും ഇത് പുതിയ കാര്യമല്ലെന്നും പറഞ്ഞിരുന്നു.

എം.ജി സർവകലാശാല സെനറ്റിലേക്ക് പാനൽ നൽകേണ്ടത് കഴിഞ്ഞ സർക്കാരായിരുന്നുവെന്നും നിയമന നടപടികൾ തങ്ങൾ അധികാരത്തിലെത്തുന്നതിന് മുമ്പേ ആരംഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയം നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ആർ. ബിന്ദു പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം, എം.ജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ നാമനിർദേശം ചെയ്തവരിൽ ബി.ജെ.പി-ആർ.എസ്.എസ് പശ്ചാത്തലമുള്ളവരുണ്ടെന്ന വിമർശനം ഉയർന്നിരുന്നു. 30 അംഗ സെനറ്റിൽ 19 പേരുടെ പട്ടികയാണ് ഗവർണർ പുറത്തുവിട്ടത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഡോ. പ്രമീള ദേവി, ബി.ജെ.പി അഭിഭാഷക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശങ്കരരാമൻ, എ.ബി.വി.പി പ്രവർത്തക എസ്. മേഘ എന്നിവരടക്കമുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ബി.ജെ.പി അധ്യാപക സംഘടനാ നേതാക്കളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇതിനെതിരെ സി.പി.ഐ.എം, എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

You may also like