Home Keralaഅർഷിതിന്റെ മരണത്തിൽ കർശന നടപടി; ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ് ലൈൻ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദേശം

അർഷിതിന്റെ മരണത്തിൽ കർശന നടപടി; ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ് ലൈൻ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിതിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദേശം നൽകി. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരമാണ് നടപടി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച നിർദേശം കൈമാറിയിട്ടുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെയാണ് നടപടിക്ക് വിധേയനാക്കുന്നത്.

കുഞ്ഞ് ക്രൂരമായ മർദനത്തെ തുടർന്ന് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ സഹായം തേടിയിരുന്നു. എന്നാൽ പരാതിയിൽ സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ.

മെയ് 3-നാണ് അർഷിതിന്റെ മുത്തശ്ശിയും അഖിലയുടെ അമ്മയുമായ റീന ഹെൽപ് ലൈനിൽ വിളിച്ച് പരാതി അറിയിച്ചത്. കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞ സാഹചര്യത്തിലാണ് അവർ അധികൃതരെ സമീപിച്ചത്. കുഞ്ഞ് അതിക്രൂരമായ പീഡനത്തിന് ഇരയാകുകയാണെന്നും ജീവൻ അപകടത്തിലാണെന്നും റീന വിശദമായി അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പരാതി ഗൗരവത്തോടെ പരിഗണിക്കപ്പെടാതെ പോയതായും തുടർനടപടികൾ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.

കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുഞ്ഞ് കൊല്ലപ്പെടാനിടയുണ്ടെന്നും റീന ഫോൺ കോളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും രണ്ട് കൈകൾക്കും ഒടിവുകളുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിവരങ്ങൾ ലഭിച്ചിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. പരാതി നൽകിയതിന് 26 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം സംസ്ഥാനത്തെ നടുക്കിയ സംഭവമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടി അതിക്രൂരമായ മർദനത്തിനിരയായതായി വ്യക്തമായി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

കേസിൽ കുട്ടിയുടെ അമ്മ അഖിലയും അവരുടെ പങ്കാളി അഷ്കറും പ്രതികളാണ്. അഷ്കറിന്റെ ക്രൂര മർദനമാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മാസങ്ങളോളം കുട്ടി അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്നും ക്രൂരമായ പീഡനവും മർദനവും നേരിട്ടിരുന്നുവെന്നും, അതുമൂലമുണ്ടായ ഗുരുതര ക്ഷതങ്ങളും ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിന് പിന്നാലെ പൊലീസിന് ലഭിച്ച മെഡിക്കൽ വിവരങ്ങളിൽ വ്യക്തമാക്കുന്നു.

You may also like