Home Keralaവിനോദിനിക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ ഇടപെടലിൽ കുടിശിക തീർക്കാൻ നടപടി

വിനോദിനിക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ ഇടപെടലിൽ കുടിശിക തീർക്കാൻ നടപടി

by news_desk1
0 comments

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിയതിനെ തുടർന്ന് ഒമ്പത് വയസുകാരിയായ വിനോദിനിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ഇടപെടൽ. കുടിശിക ഉൾപ്പെടെയുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട വകുപ്പുകൾ മുഖ്യമന്ത്രിയെ അറിയിച്ചു.

വനിതാ-ശിശുക്ഷേമ വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയിലൂടെയാണ് വിനോദിനിക്ക് ധനസഹായം അനുവദിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ വിഹിതവും ഉൾപ്പെടുന്ന പദ്ധതിക്ക് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഫണ്ട് ലഭ്യതയിൽ തടസം നേരിട്ടതാണ് സഹായം മുടങ്ങാൻ കാരണമായതെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക തുക ഉടൻ വിതരണം ചെയ്യുമെന്നും അറിയിച്ചു.

ധനസഹായ വിതരണം മുടങ്ങിയതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ വനിതാ-ശിശുക്ഷേമ മന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സഹായം മുടങ്ങിയത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെട്ടതായും ഇനി തുടർച്ചയായി സഹായം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വിനോദിനിയുടെ കുടുംബം പ്രതികരിച്ചു.

സർക്കാർ സംവിധാനങ്ങളിലെ വീഴ്ചയെ തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിയുടെ വിഷയത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടിരുന്നു. കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന ശുപാർശ കമ്മീഷൻ സർക്കാരിന് നൽകിയിരുന്നു. കൂടാതെ തുടർപഠന ചെലവ്, ചികിത്സാ സഹായം, മാനസിക പിന്തുണ, ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മീഷന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. കുട്ടിയുടെ ചികിത്സയ്ക്കും കൃത്രിമ കൈ ലഭ്യമാക്കുന്നതിനും കുടുംബത്തിന്റെ പുനരധിവാസത്തിനുമായി മുമ്പ് നൽകിയ സഹായങ്ങൾ സമൂഹത്തിന് മാതൃകാപരമായ ഇടപെടലാണെന്നും കമ്മീഷൻ വിലയിരുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വിനോദിനിക്കുള്ള കുടിശിക ധനസഹായം ഉടൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

You may also like