Home Internationalയുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് പുതിയ ഏജൻസി; ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ചുമതലയേൽക്കും

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് പുതിയ ഏജൻസി; ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ചുമതലയേൽക്കും

by news_desk1
0 comments

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിങ് ഏജൻസിയിൽ മാറ്റം പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി. നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികൾക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ സേവനദാതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.

ടെൻഡർ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് ഇന്ത്യൻ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന ചുമതല പുതിയ ഏജൻസിക്ക് കൈമാറാൻ തീരുമാനിച്ചത്. പുതിയ ക്രമീകരണം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

ജൂൺ 30 വരെ നിലവിലുള്ള കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾ തുടരുമെന്ന് എംബസി അറിയിച്ചു. ഈ തീയതി വരെ അപേക്ഷകർ നിലവിലെ സേവന കേന്ദ്രങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജൂലൈ 1 മുതൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതിയ കേന്ദ്രങ്ങൾ വഴിയായിരിക്കും കൈകാര്യം ചെയ്യുക.

യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി ആകെ 16 പുതിയ കോൺസുലർ സേവന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഔദ്യോഗിക കരാറിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പുതിയ സേവനദാതാവും ഒപ്പുവെച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലായി കൂടുതൽ സൗകര്യപ്രദമായ സേവന ശൃംഖല ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

പുതിയ കേന്ദ്രങ്ങളുടെ വിലാസം, പ്രവർത്തന സമയം, അപ്പോയിന്റ്മെന്റ് നടപടിക്രമങ്ങൾ, സേവന നിരക്കുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയവ പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്ന് എംബസി അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റുകളും സ്ഥിരീകരിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകളും മാത്രമേ ആശ്രയിക്കാവൂ എന്നും വ്യാജ സന്ദേശങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും ജാഗ്രതയോടെ സമീപിക്കണമെന്നും എംബസി അഭ്യർഥിച്ചു.

You may also like