മലപ്പുറം: പെരിന്തൽമണ്ണയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് പിടിയിലായത്.
പുളിങ്കാവ്–മല റോഡ് പ്രദേശത്തെ ഇയാളുടെ താമസസ്ഥലത്ത് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ തോതിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് പുറമെ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ പെരിന്തൽമണ്ണ ടൗൺ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും ലഹരിവസ്തു വിതരണം നടന്നിരുന്നതായി പ്രതി മൊഴി നൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ലഹരിവസ്തു എത്തിച്ച മാർഗങ്ങളെക്കുറിച്ചും എക്സൈസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്.

