Home Internationalആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ചടങ്ങുകൾ മഷ്ഹദിൽ

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ചടങ്ങുകൾ മഷ്ഹദിൽ

by news_desk1
0 comments

തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9ന് നടക്കുമെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഖമനയിയുടെ ജന്മനാടായ മഷ്ഹദിലാണ് സംസ്കാരം നടക്കുക. ജൂലൈ 4 മുതൽ അനുബന്ധ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഖമനയിയുടെ മരണത്തിന് 106 ദിവസങ്ങൾക്കുശേഷമാണ് സംസ്കാര തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് നടന്ന അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ് ഇറാൻ നേരത്തെ അറിയിച്ചിരുന്നത്.

സംസ്കാര ചടങ്ങുകൾ ആദ്യം ഏപ്രിൽ മാസത്തിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും യുദ്ധസാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും മൂലം അത് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വിപുലമായ രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഭരണകൂടം നടത്തി വരികയായിരുന്നു.

ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് വിവിധ ക്രമീകരണങ്ങൾ മുൻകൂട്ടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും വൻജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചുവരികയാണ്.

മാർച്ച് മാസത്തിലും സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള പ്രാഥമിക ആലോചനകൾ ഉണ്ടായിരുന്നെങ്കിലും മേഖലയിൽ സംഘർഷം രൂക്ഷമായതോടെ ആ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ജൂലൈ 9ന് സംസ്കാരം നടത്താൻ അന്തിമ തീരുമാനം എടുത്തത്.

മൂന്ന് പതിറ്റാണ്ടിലേറെ കാലം ഇറാന്റെ പരമോന്നത നേതാവായി പ്രവർത്തിച്ച ഖമനയിയുടെ സംസ്കാര ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like