Home WORLD CUP 26ലോകകപ്പ് അങ്കത്തിന് മുൻപേ ഇംഗ്ലണ്ടിന് ‘പണി കിട്ടി’; കാനസ് സിറ്റിയിൽ സൂപ്പർ താരങ്ങളുടെ ബൂട്സുകളും പന്തുകളും മോഷ്ടിക്കപ്പെട്ടു, രണ്ട് പേർ കസ്റ്റഡിയിൽ

ലോകകപ്പ് അങ്കത്തിന് മുൻപേ ഇംഗ്ലണ്ടിന് ‘പണി കിട്ടി’; കാനസ് സിറ്റിയിൽ സൂപ്പർ താരങ്ങളുടെ ബൂട്സുകളും പന്തുകളും മോഷ്ടിക്കപ്പെട്ടു, രണ്ട് പേർ കസ്റ്റഡിയിൽ

by news_desk
0 comments

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി പരിശീലന സാമഗ്രികളുടെ മോഷണം. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ക്യാമ്പിൽ നിന്നും ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ലോകകപ്പ് ബേസ് ആയ മിസ്സൗറിയിലെ കാനസ് സിറ്റിയിലുള്ള സ്വോപ് സോക്കർ വില്ലേജിലേക്ക് ട്രെയിനിംഗ് സാമഗ്രികൾ എത്തിച്ച വാഹനത്തിൽ നിന്നാണ് വൻ മോഷണം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുതിയ പരിശീലകൻ തോമസ് ടുഹെലും സംഘവും കാനസ് സിറ്റിയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സുരക്ഷാവീഴ്ച. ക്യാപ്റ്റൻ ഹാരി കെയ്ൻ, സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുൾപ്പെടെയുള്ള പ്രമുഖ കളിക്കാരുടെ മാച്ച് ബൂട്സുകൾ, ഫിഫയുടെ ഔദ്യോഗിക മാച്ച് ബോളുകൾ, പരിശീലകർ തന്ത്രങ്ങൾ മെനയാൻ ഉപയോഗിക്കുന്ന അനാലിസിസ് ടൂളുകൾ, വൈറ്റ് ബോർഡുകൾ, മസ്സാജ് ടേബിളുകൾ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ട ലഗേജുകളിൽ ഉൾപ്പെടുന്നു. ലഗേജ് വണ്ടി അൺലോഡ് ചെയ്തപ്പോൾ ഒരൊറ്റ ഫുട്ബോൾ മാത്രമാണ് അതിൽ ബാക്കിയുണ്ടായിരുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് കാനസ് സിറ്റി പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും സംശയസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ട് കരാർ ഏറ്റെടുത്ത ജീവനക്കാർക്ക് മോഷണത്തിൽ പങ്കുണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഫ്ലോറിഡയിലെ കടുത്ത ചൂടുമായി പൊരുത്തപ്പെടാൻ ടാമ്പാ ബേയിലും ഒർലാൻഡോയിലും യഥാക്രമം ന്യൂസിലൻഡ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരെ വാം-അപ്പ് മത്സരങ്ങൾ കളിച്ച ശേഷമാണ് ഇംഗ്ലണ്ട് പുതിയ ബേസിലേക്ക് മാറിയത്. വരും ദിവസങ്ങളിൽ ക്രൊയേഷ്യയ്‌ക്കെതിരെ ഡാളസിൽ വെച്ച് നടക്കുന്ന ഗ്രൂപ്പ് എൽ-ലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിനായുള്ള പരിശീലനത്തെ ഈ സംഭവം ബാധിക്കാതിരിക്കാൻ ബൂട്സുകളും മറ്റ് സാമഗ്രികളും അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധികൃതർ. അർജന്റീന, നെതർലൻഡ്സ് തുടങ്ങിയ പ്രമുഖ ടീമുകളും കാനസ് സിറ്റി പരിസരത്ത് താവളമുറപ്പിച്ചിട്ടുള്ളതിനാൽ ലോകകപ്പ് ലോജിസ്റ്റിക്സ് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വൻ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

You may also like