റിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനി മറ്റൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് തീർത്തുപറഞ്ഞ് സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമാണ് തന്റെ വിരമിക്കൽ തീരുമാനം നെയ്മർ ഔദ്യോഗികമായി ആവർത്തിച്ചത്. ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതിന് പിന്നാലെ ദേശീയ കുപ്പായത്തിൽ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34-കാരനായ താരം സൂചിപ്പിച്ചിരുന്നെങ്കിലും, ഭാവിയിൽ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
ലോകകപ്പിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന നെയ്മർ, നോർവെയ്ക്കെതിരായ പ്രീ-ക്വാർട്ടറിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. അവസാന നിമിഷങ്ങളിൽ ഒരു പെനാൽറ്റി ഗോൾ നേടാൻ സാധിച്ചെങ്കിലും ടീമിന്റെ തോൽവിയും ലോകകപ്പിൽ നിന്നുള്ള പുറത്താകലും തടയാൻ താരത്തിനായിരുന്നില്ല. “ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം പൂർണ്ണമായും അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല,” യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ വിജയത്തിന് ശേഷം നെയ്മർ വ്യക്തമാക്കി.
സാന്റോസ് സഹതാരങ്ങൾ വെനിസ്വേലയിൽ പൊരുതുമ്പോൾ നെയ്മർ ഒരു പോക്കർ ടൂർണമെന്റിൽ പങ്കെടുത്തെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം, കാർഡുകൾ കൈകാര്യം ചെയ്യുന്നതും കോർണർ ഫ്ലാഗ് ഉപയോഗിച്ച് ഗോൾഫ് കളിക്കുന്നതും അനുകരിച്ചുള്ള ആഘോഷത്തിലൂടെ നെയ്മർ വിമർശകർക്ക് ചുട്ടമറുപടിയാണ് നൽകിയത്. ചാപെക്കോയെൻസെയ്ക്കെതിരായ 2-2 സമനിലയ്ക്ക് ശേഷം സാന്റോസിലെ യുവതാരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകളും താരം ശക്തമായി നിഷേധിച്ചു. മാധ്യമങ്ങൾ അനാവശ്യമായി കഥകൾ ചമയ്ക്കുകയാണെന്നും, സമനില വഴങ്ങിയതിൽ ടീമിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനോട് മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും നെയ്മർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ഫുട്ബോളിലെ വിരമിക്കലോടെ ക്ലബ്ബ് ഫുട്ബോളിൽ മാത്രം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. ഇതിഹാസ താരം പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരന്റെ ചരിത്രനേട്ടവുമായാണ് നെയ്മർ മഞ്ഞക്കുപ്പായത്തോട് വിടപറയുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ബ്രസീലിനെ നയിച്ച അദ്ദേഹം, 2016-ലെ റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ സമ്മാനിക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

