ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള കർശന വ്യവസ്ഥകളടങ്ങിയ പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്ര സർക്കാർ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം ഭരണ-പ്രതിപക്ഷ നിരകൾ തമ്മിൽ കടുത്ത വാക്പോരാണ് സഭയിൽ അരങ്ങേറിയത്. നാളെ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ചയിലും തട്ടിപ്പുകളിലും ഉൾപ്പെടുന്നവർക്ക് എതിരെ വൻ ശിക്ഷാ നടപടികൾ വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.
ബിൽ വ്യവസ്ഥകൾ പ്രകാരം, കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സന്ദർഭങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിനകം പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. അത്തരം കോടതികളുടെ വിധികൾക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിച്ച്, അപ്പീൽ സ്വീകരിച്ച് മൂന്ന് മാസത്തിനകം തീർപ്പാക്കേണ്ടതാണ്.
സംഘടിത ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമായി ഉയർത്തിയിട്ടുണ്ട്. പരമാവധി പിഴ 1 കോടിയിൽ നിന്ന് 10 കോടി രൂപയായും വർധിപ്പിച്ചു. വ്യക്തികൾക്കുള്ള ശിക്ഷകളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായും, പരമാവധി തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 10 വർഷമായും ഉയർത്തി. പരമാവധി പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിക്കുന്നതാണ് പുതിയ ഭേദഗതി.
പരീക്ഷാ സേവനദാതാക്കൾക്കും കടുത്ത പിഴയും ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. പരീക്ഷാ തട്ടിപ്പിൽ പങ്കാളികളാകുന്ന സേവനദാതാക്കൾക്ക് ചുമത്തുന്ന പരമാവധി പിഴ 1 കോടിയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തി. പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി വർധിപ്പിച്ചു. കൂടാതെ, കമ്പനിയുടെ ഡയറക്ടർമാർ, മുതിർന്ന മാനേജർമാർ, മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കുറഞ്ഞത് 5 വർഷം തടവും 5 കോടി രൂപ വരെ പിഴയും നേരിടേണ്ടിവരും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനും, ചോദ്യപേപ്പർ ചോർച്ചയ്ക്കും സംഘടിത തട്ടിപ്പുകൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാനുമാണ് ഈ നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

