Home Keralaസൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പുള്ള അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വാഗ്ദാനം വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും, സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് അഭിമാനത്തോടെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും ഈ പദ്ധതിയിലൂടെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിലെ യാത്രക്കാരിൽ മത്സ്യത്തൊഴിലാളി സ്ത്രീകൾ, പാവപ്പെട്ട സ്ത്രീകൾ, ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥിനികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും ബാങ്കുകളിലേക്കും പോകുന്നവർ ഉൾപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുമെന്ന വിശ്വാസമുണ്ടെന്നും ഗതാഗത മന്ത്രിയുടെയും സംഘത്തിന്റെയും പ്രവർത്തനത്തിൽ വിശ്വാസമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യ യാത്ര കാരണം സ്വകാര്യ മേഖലക്ക് നഷ്ടമുണ്ടായാൽ സർക്കാർ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമായി കാണുന്നുവെന്നും പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ മിച്ചം വരുന്ന തുക കുറച്ചുപേർ മാത്രമേ വീട്ടിൽ നൽകുകയുള്ളൂ, ബാക്കി തുക സർക്കാരിന് തന്നെ ലഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തമാശ കലർന്ന പ്രതികരണം.

പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് നിറകണ്ണുകളോടെ സമർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയുള്ള ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി പങ്കെടുത്തു. മന്ത്രിമാരായ സി പി ജോണും കെ എ തുളസിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീല ആയിരുന്നു ഉദ്ഘാടന സർവീസിന്റെ സാരഥി. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ യാത്രയിൽ പങ്കെടുത്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി കാട്ടി.

You may also like