Home Editorialഒരു മാസം, രണ്ട് യു-ടേൺസതീശൻ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നത്?

ഒരു മാസം, രണ്ട് യു-ടേൺസതീശൻ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നത്?

by news_desk
0 comments

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിടുകയാണ്. ഐക്യ ജനാധിപത്യ മുന്നണിയുടെ ചരിത്രത്തിൽ രണ്ടാം തവണ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയെന്ന രാഷ്ട്രീയ തിളക്കത്തോടെയായിരുന്നു ഈ സർക്കാരിന്റെ തുടക്കം. ഭരണവിരുദ്ധ വികാരം, മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം, രാഷ്ട്രീയ ചിന്താഗതികൾക്കതീതമായി ലഭിച്ച വിശാലമായ ജനപിന്തുണ എന്നിവയാണ് യു.ഡി.എഫ് സർക്കാരിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ഈ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതീക്ഷയും അസാധാരണമായിരുന്നു. എന്നാൽ അധികാരമേറ്റ ആദ്യ മാസം തന്നെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ രണ്ട് വിവാദങ്ങൾ ഉയർന്നുവന്നത് ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ട കാര്യമാണ്. ഇവ വെറും സാങ്കേതിക പിഴവുകളോ ഒരു രാജിയിലൂടെ അവസാനിക്കുന്ന വിഷയങ്ങളോ അല്ല. മറിച്ച്, അധികാരത്തിലെത്തുന്നതിന് മുമ്പ് യു.ഡി.എഫ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധാർമികതയുടെ വിശ്വാസ്യതയെയാണ് ഈ സംഭവങ്ങൾ ചോദ്യം ചെയ്യുന്നത്. പിണറായി വിജയൻ സർക്കാരിനെതിരെ ബന്ധുനിയമനം, അധികാര കേന്ദ്രീകരണം, മന്ത്രിമാരുടെ വകുപ്പുകളിൽ അനാവശ്യ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിയവരാണ് വി.ഡി. സതീശനും യു.ഡി.എഫും.

എന്നാൽ ഇന്ന് അതേ ആരോപണങ്ങളുടെ നിഴൽ സ്വന്തം സർക്കാരിനുമേൽ വീഴുമ്പോൾ ജനങ്ങൾ സ്വാഭാവികമായും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്- പ്രതിപക്ഷത്തായിരിക്കുമ്പോൾ തെറ്റായിരുന്നത് ഭരണപക്ഷത്തായിരിക്കുമ്പോൾ എങ്ങനെ ശരിയാകുന്നു?. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ സർക്കാർ പ്ലീഡറായി നിയമിക്കാൻ ശ്രമിച്ചതാണ് ആദ്യ വിവാദം. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണക്കൊള്ളയെ മുഖ്യ പ്രചരണായുധമാക്കിയ യു.ഡി.എഫ് തന്നെയാണ് ഇന്ന് ആ കേസുമായി ബന്ധപ്പെട്ട അഭിഭാഷകന്റെ നിയമനത്തിന്റെ പേരിൽ പ്രതിരോധത്തിലാകുന്നത്. നിയമനം പിന്നീട് പിൻവലിച്ചെങ്കിലും അതുകൊണ്ട് ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഇത്തരമൊരു തീരുമാനം എങ്ങനെ ഉണ്ടായി? ആരാണ് ശുപാർശ ചെയ്തത്? ആരാണ് പരിശോധിച്ചത്? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. രണ്ടാമത്തെ വിവാദം പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടതാണ്. മന്ത്രിമാരുടെ ഓഫിസുകൾ ജനാധിപത്യ ഭരണക്രമത്തിലെ നിർണായക ഘടകങ്ങളാണ്. അവിടെ ബന്ധുത്വവും വ്യക്തിബന്ധങ്ങളും മുൻതൂക്കം നേടുന്നുവെന്ന ധാരണ പോലും പൊതുസമൂഹത്തിൽ ഉണ്ടാകുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും. അധികാരം ലഭിക്കുന്നത് വ്യക്തിപരമായ സൗകര്യങ്ങൾ സൃഷ്ടിക്കാനല്ല, പൊതുതാൽപര്യം സംരക്ഷിക്കാനാണെന്ന ബോധ്യം ഭരണനേതൃത്വത്തിനുണ്ടാകണം.

ഈ രണ്ട് വിഷയങ്ങളിലും ശ്രദ്ധേയമായ മറ്റൊരു കാര്യം, വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് തിരുത്തൽ നടപടികൾ ഉണ്ടായത് എന്നതാണ്. തെറ്റ് സംഭവിച്ചാൽ തിരുത്തുന്നത് നല്ലതാണ്. എന്നാൽ തുടർച്ചയായി വിവാദങ്ങൾ ഉയരുകയും പിന്നീട് പിൻവാങ്ങുകയും ചെയ്യുന്ന രീതി നല്ല ഭരണത്തിന്റെ ലക്ഷണമല്ല. അത് തീരുമാനങ്ങളിലെ അപക്വതയെയോ അല്ലെങ്കിൽ അധികാരപ്രയോഗത്തിലെ അശ്രദ്ധയെയോ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു കാര്യം ഓർക്കണം. ഈ സർക്കാർ രൂപീകരിക്കപ്പെട്ടത് വെറും കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ കൊണ്ടല്ല. ഇടതുപക്ഷത്തിൽ നിരാശരായവരും, രാഷ്ട്രീയമായി നിഷ്പക്ഷരായവരും, മാറ്റം പ്രതീക്ഷിച്ച സാധാരണ ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. അവർ ഒരു സർക്കാരിനെ തിരഞ്ഞെടുത്തത് പഴയ തെറ്റുകൾ ആവർത്തിക്കാൻ വേണ്ടിയല്ല; വ്യത്യസ്തമായ ഒരു ഭരണശൈലി കാണാനാണ്. ഭരണത്തിന്റെ ആദ്യ മാസം തന്നെ ഉയർന്ന ഈ വിവാദങ്ങൾ മുന്നറിയിപ്പായി കാണേണ്ടതാണ്. അധികാരത്തിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പേ ജനങ്ങൾ വിലയിരുത്തൽ ആരംഭിച്ചുകഴിഞ്ഞു.

പ്രതിപക്ഷത്തായിരിക്കുമ്പോൾ ഉയർത്തിയ ധാർമികതയുടെ മാനദണ്ഡങ്ങൾ ഭരണപക്ഷത്തായിരിക്കുമ്പോഴും പാലിക്കാൻ കഴിയണം. അല്ലാത്തപക്ഷം വിമർശനങ്ങൾ വെറും രാഷ്ട്രീയ ആയുധങ്ങളായിരുന്നുവെന്നും വിശ്വാസങ്ങൾ അധികാരത്തിനനുസരിച്ച് മാറുന്നുവെന്നുമുള്ള സന്ദേശമാണ് ജനങ്ങളിലേക്ക് പോകുക. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക് പറയുന്നത്. അവർ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ ആരെയും സ്ഥിരമായി ഉയർത്തി നിർത്താറില്ല, ആരെയും സ്ഥിരമായി തള്ളിക്കളയാറുമില്ല. വിശ്വാസം നൽകുകയും പിൻവലിക്കുകയും ചെയ്യുന്നത് ജനങ്ങളാണ്. ആ വിശ്വാസം സംരക്ഷിക്കുകയാണ് ഏത് സർക്കാരിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്വം.



You may also like