2026 ഫിഫ ലോകകപ്പിൽ ഖത്തർ ചരിത്രമെഴുതി. മത്സരത്തിന്റെ അവസാന ശ്വാസത്തിൽ നായകൻ ഹസൻ അൽ-ഹൈദോസ് ഖൂഹിയുടെ തകർപ്പൻ ഹെഡറിലൂടെ സ്വിറ്റ്സർലൻഡിനെതിരെ 1-1 സമനില പിടിച്ചെടുത്ത ഖത്തർ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. അവസാന നിമിഷം വരെ പോരാട്ടവീര്യം കൈവിടാതിരുന്ന ഖത്തറിന്റെ ഈ നേട്ടം ലോകകപ്പ് വേദിയിലെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളിലൊന്നായി മാറി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ഖത്തറിനായി എഡ്മിൽസൺ ജൂനിയർ മികച്ച അവസരം നഷ്ടപ്പെടുത്തിയപ്പോൾ, മറുവശത്ത് സ്വിറ്റ്സർലൻഡിന്റെ ഡാനി എൻഡോയിക്കും നിർണായക അവസരം മുതലാക്കാൻ സാധിച്ചില്ല. തുടക്കത്തിൽ തന്നെ ഗോളിനായുള്ള ഇരുടീമുകളുടെയും ശ്രമങ്ങൾ മത്സരം ആവേശകരമാക്കി.17-ാം മിനിറ്റിലാണ് മത്സരത്തിന്റെ ആദ്യ വഴിത്തിരിവ് ഉണ്ടായത്.
സ്വിസ് താരം റെമോ ഫ്രോയ്ലറെ ഖത്തർ ഗോൾകീപ്പർ അബുനാദ പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റിക്കെത്തിയ ബ്രെൽ എംബോളോ യാതൊരു പിഴവും വരുത്താതെ പന്ത് വലയിലെത്തിച്ച് സ്വിറ്റ്സർലൻഡിനെ 1-0ന് മുന്നിലെത്തിച്ചു.ഗോൾ വഴങ്ങിയതോടെ ഖത്തർ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സ്വിസ് പ്രതിരോധം ഉറച്ചുനിന്നു.
ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡ് കൂടുതൽ നിയന്ത്രണം പുലർത്തിയപ്പോൾ ഖത്തറിന് വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസമായി.രണ്ടാം പകുതിയിൽ മത്സരം താരതമ്യേന ശാന്തമായിരുന്നു. പന്ത് കൈവശം വെച്ചും തുടർച്ചയായി ആക്രമിച്ചും സ്വിറ്റ്സർലൻഡ് രണ്ടാം ഗോൾ തേടിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവരെ പിന്തുടർന്നു. നിരവധി തവണ ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അവയെല്ലാം പാഴായി.മത്സരത്തിന്റെ കണക്കുകൾ സ്വിറ്റ്സർലൻഡിന്റെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു.
എന്നാൽ ഫുട്ബോൾ കണക്കുകളുടെ കളി മാത്രമല്ലെന്ന് ഖത്തർ തെളിയിച്ചു.അധികസമയത്തിന്റെ നാലാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നാണ് ചരിത്രനിമിഷം പിറന്നത്. ഖത്തർ നായകൻ ഖൂഹി എല്ലാവരെയും മറികടന്ന് ഉയർന്ന് ചാടി നടത്തിയ അതിശക്തമായ ഹെഡർ സ്വിസ് വലയിലേക്കെത്തിയതോടെ സ്റ്റേഡിയം മുഴുവൻ ആഘോഷത്തിലായി. അവസാന നിമിഷം നേടിയ ആ ഗോൾ ഖത്തറിന് ലോകകപ്പിലെ ആദ്യ പോയിന്റ് മാത്രമല്ല, ദേശീയ ഫുട്ബോൾ ചരിത്രത്തിലെ അഭിമാന നിമിഷവുമാക്കി മാറ്റി.അവസാന വിസിൽ മുഴങ്ങുമ്പോൾ ഖത്തർ താരങ്ങൾ വിജയം നേടിയതുപോലെ ആഘോഷിക്കുകയായിരുന്നു. കാരണം, ഈ സമനില അവർക്ക് ഒരു പോയിന്റിനേക്കാൾ വലിയ നേട്ടമായിരുന്നു. 2022 ലോകകപ്പിൽ ആതിഥേയരായിരുന്നിട്ടും ഒരു പോയിന്റുപോലും നേടാനാകാതിരുന്ന ഖത്തർ, നാല് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു.
ഈ ഫലത്തോടെ ഗ്രൂപ്പ് ബി അത്യന്തം ആവേശകരമായ അവസ്ഥയിലായി. കാനഡ, ബോസ്നിയ-ഹെർസഗോവിന, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നീ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണ് ഉള്ളത്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ ഇപ്പോൾ കൂടുതൽ നിർണായകമായി മാറിയിരിക്കുകയാണ്.അടുത്ത മത്സരത്തിൽ സ്വിറ്റ്സർലൻഡ് ബോസ്നിയ-ഹെർസഗോവിനയെ നേരിടും. അതേസമയം ചരിത്രനേട്ടത്തിന്റെ ആത്മവിശ്വാസവുമായി ഖത്തർ സഹ-ആതിഥേയരായ കാനഡയെ നേരിടാൻ ഇറങ്ങും.

