തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധത്തിൽ മന്ത്രിയുടെ തലയിൽ വീണത്.
രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ ഇത് അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും, സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും “ഞങ്ങളുടെ സർക്കാരിന്റെ വണ്ടി” എന്ന് പറയാൻ കഴിയുന്ന സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
മിച്ചം വരുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ തന്നോട് ചോദിച്ചുവെന്നും, അത് ചിട്ടി ചേരാൻ ഉപദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് ഈ പദ്ധതി സാമ്പത്തിക ബാധ്യതയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

