തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നതിന് ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയുണ്ടാകുമെന്നാണ് പാർട്ടിയുടെ വിശദീകരണം. ആത്മകഥയിൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന മുന്നറിയിപ്പ് നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നേരത്തെ കടുത്ത നടപടി സ്വീകരിച്ചാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ഭീഷണിയാണ് പുറത്താക്കാനുള്ള തീരുമാനം സസ്പെൻഷനിൽ ഒതുക്കാൻ കാരണമായതെന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.
ശബരിമല കേസിന്റെ തുടക്കത്തിൽ പത്മകുമാറിനെ ന്യായീകരിച്ച് കരുതലോടെയായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രതികരണം. പിന്നീട് പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലേക്ക് നേതൃത്വം മാറി. നിരവധി നേതാക്കൾ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ പത്മകുമാറിന്റെ ഭാഗത്ത് നിന്നുള്ള വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്നാണ് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറിയതെന്നും, പിന്നീട് ജില്ലാ കമ്മിറ്റി അത് അംഗീകരിച്ചതെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ.

