കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. വാർത്താ സമ്മേളനത്തിൽ നടത്തിയതായി ആരോപിക്കുന്ന അധിക്ഷേപപരമായ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.
ഭരണത്തിന്റെ അന്തകനെന്നും പലിശ രാജാവെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്കെതിരെയാണ് പി ശശി രംഗത്തെത്തിയത്. രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ പി ശശി നിയന്ത്രിച്ച മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചത്. തേജോവധം ചെയ്യാനുള്ള ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച പരാമർശങ്ങളാണ് നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് പി ശശിയുടെ ആവശ്യം.
നേരത്തെ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പി ശശിയുടെ നിയമനടപടി.
മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയും പി ശശി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പി ശശിക്കെതിരെ 16 ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇവ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ശശി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

