ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനയിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. സംഭാവന പെട്ടികൾ തുറക്കുന്നതുമുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും സംഘം സൂക്ഷ്മമായി പരിശോധിച്ചു.
ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ക്ഷേത്രത്തിൽ എത്തി എട്ടു മണിക്കൂറിലധികം പരിശോധന നടത്തിയത്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക മുറിയിലേക്ക് സംഭാവന പെട്ടികൾ മാറ്റിയ ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് പണം എണ്ണുന്നത്. ഈ നടപടിക്രമത്തിൽ ഏകദേശം 50 ജീവനക്കാർ പങ്കെടുക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനം നിരീക്ഷിക്കാൻ ട്രസ്റ്റ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും സന്നിഹിതരായിരിക്കും.
പണം എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ, ജീവനക്കാരുടെ പ്രവേശന-പുറത്തുപോകൽ രേഖകൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ചവരുടെയും രാജിവെച്ചവരുടെയും വിവരങ്ങളും എസ്ഐടി ശേഖരിച്ചു. സംഭാവന പെട്ടികളിൽ നിന്ന് ലഭിച്ച തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയും തമ്മിൽ വ്യത്യാസമുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയമായി പരിശോധിക്കുന്നത്.
പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു ക്ഷേത്ര ജീവനക്കാരനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണ സംഘത്തിന് അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതുവരെ അന്വേഷണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി രാമക്ഷേത്ര സമുച്ചയത്തിൽ തന്നെ എസ്ഐടി താൽക്കാലിക ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്.

