Home Editorialപി.എം ശ്രീ: നിലപാടുകളുടെ രാഷ്ട്രീയംസർക്കാരിന്റെ വിശദീകരണ ബാധ്യത

പി.എം ശ്രീ: നിലപാടുകളുടെ രാഷ്ട്രീയംസർക്കാരിന്റെ വിശദീകരണ ബാധ്യത

by news_desk1
0 comments

രാഷ്ട്രീയത്തിൽ നിലപാടുകൾ മാറാം. സാഹചര്യങ്ങൾ മാറുമ്പോൾ തീരുമാനങ്ങളും മാറാം. എന്നാൽ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് ഭരണത്തിലെത്തിയ ശേഷം വ്യതിചലിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ പുതിയ തീരുമാനം ഉയർത്തുന്ന പ്രധാന ചോദ്യവും അതുതന്നെയാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിക്കെതിരെ ഏറ്റവും ശക്തമായ വിമർശനമുയർത്തിയവരിൽ മുൻനിരയിലുണ്ടായിരുന്നത് ഇന്നത്തെ ഭരണനേതൃത്വമായിരുന്നു. പദ്ധതിയെ വിദ്യഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടലിന്റെ ഉപകരണമായും കേരളത്തിന്റെ വിദ്യഭ്യാസ സ്വാതന്ത്ര്യത്തിന് ഭീഷണിയായും വിശേഷിപ്പിച്ചവർ അധികാരത്തിലെത്തിയ ശേഷം അതേ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുന്നു.

ഇതിനെ ന്യായീകരിക്കാൻ സർക്കാർ മുന്നോട്ടുവയ്ക്കുന്ന വാദം, മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം തന്നെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്ന രേഖകൾ ഇപ്പോൾ പുറത്തുവരുന്നു. മുൻ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഈ വസ്തുത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ യഥാർത്ഥ സ്ഥിതി എന്താണെന്ന് സർക്കാർ വ്യക്തമായി ജനങ്ങളോട് പറയേണ്ടതുണ്ട്. പി.എം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നത്തെ ഭരണകക്ഷി പ്രതിപക്ഷത്തായിരിക്കുമ്പോൾ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് എന്തായിരുന്നു? അന്നത്തെ എതിർപ്പും ഇന്നത്തെ അനുകൂല നിലപാടും തമ്മിലുള്ള അന്തരം എന്താണ്? കേരളത്തിന്റെ വിദ്യഭ്യാസ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് എവിടെയാണ്? ഈ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ രാഷ്ട്രീയ വിശദീകരണങ്ങൾ മാത്രം മതിയാകില്ല. അതേസമയം, കേന്ദ്ര സർക്കാർ എസ്.എസ്.കെ ഫണ്ട് പോലുള്ള ഭരണഘടനാപരമായ അവകാശങ്ങളെ പദ്ധതികളുമായി ബന്ധപ്പെടുത്തി സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നത് ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. കേരളത്തിന് നിയമപരമായി ലഭിക്കേണ്ട ധനസഹായം രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല.

അതിനെതിരായ പോരാട്ടം തുടരണം. എന്നാൽ കേന്ദ്രത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേദികളിൽ പറഞ്ഞതും അധികാരത്തിലെത്തി സ്വീകരിക്കുന്നതുമായ നിലപാടുകൾ തമ്മിൽ പൊരുത്തമുണ്ടാകണം. ഇല്ലെങ്കിൽ അത് ജനങ്ങളിൽ വിശ്വാസക്ഷയത്തിന് വഴിവെക്കും. കേരളത്തിന്റെ വിദ്യഭ്യാസ മേഖല ഒരു രാഷ്ട്രീയ പരീക്ഷണശാലയല്ല. അത് സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. അതിനാൽ പി.എം ശ്രീ പദ്ധതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്നും, കേരളത്തിന്റെ വിദ്യഭ്യാസ സ്വാതന്ത്ര്യവും മതനിരപേക്ഷ മൂല്യങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും സർക്കാർ വ്യക്തവും സുതാര്യവുമായി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്. ജനാധിപത്യത്തിൽ ഏറ്റവും വലിയ മൂലധനം വിശ്വാസമാണ്. ആ വിശ്വാസം നിലനിർത്താൻ സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കാതെ തുറന്ന സമീപനം സ്വീകരിക്കണം. പി.എം ശ്രീ വിഷയത്തിൽ ഇപ്പോൾ കേരളം കാത്തിരിക്കുന്നത് അതാണ്.

You may also like