Home Top Storiesസിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ

സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് ഉടൻ നൽകും. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യൽ ആവശ്യമായതെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്. ഐടി സേവനങ്ങൾ സംബന്ധിച്ച് സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ച നടത്തിയതെന്നും അതിനാൽ അനുബന്ധ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ മൊഴി.

നിലവിൽ എക്സാലോജിക് സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന സിസ്റ്റങ്ങളിലായിരുന്നു ചില വിവരങ്ങൾ ഉണ്ടായിരുന്നതെന്നും കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ വീണ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ട മൊഴികളിലും പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡി പറയുന്നത്.

എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. രേഖകൾ ലഭിച്ചതിന് ശേഷമാകും വീണ്ടും സമൻസ് നൽകുക.

കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്നലെയാണ് വീണയുടെ ചോദ്യം ചെയ്യൽ നടന്നത്. രാവിലെ പത്തരയോടെ ഹാജരായ വീണയെ ഏകദേശം ഒമ്പത് മണിക്കൂറോളം ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.

സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ, ലഭിച്ച പണത്തിന്റെ വിനിയോഗം എന്നിവയിൽ വ്യക്തത വരുത്തുന്നതിനായി വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. നേരത്തെ സിഎംആർഎൽ എംഡി ശരൺ എസ് കർത്ത, ജയ എസ് കർത്ത, ഷിബി എസ് കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ജയ എസ് കർത്ത. എംപവർ വഴി വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. ആദ്യ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇഡി വിശദീകരണം തേടിയിരുന്നു.

സിഎംആർഎൽ ഡയറക്ടറും നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതലക്കാരിയുമായ ഷിബി എസ് കർത്തയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.

You may also like