തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി എക്‌സൈസ് വകുപ്പ്. 6 കിലോ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂർ സ്വദേശികളായ അഭിനന്ദും ജസ്റ്റിനുമാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വിനോദസഞ്ചാരികളെയും സ്കൂൾ വിദ്യാർഥികളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയിരുന്ന സംഘമാണ് ഇവരെന്നാണ് പ്രാഥമിക വിവരം.
അതേസമയം, സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇന്നും വ്യാപക പരിശോധനയും അറസ്റ്റും നടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേരെ അറസ്റ്റ് ചെയ്യുകയും 108 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പരിശോധനകളിൽ 60 ഗ്രാം എംഡിഎംഎ, 38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയിൽ, 11 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷം ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2954 ആയി. ആകെ 3176 പേരാണ് വിവിധ ലഹരി കേസുകളിലായി അറസ്റ്റിലായത്.
സംസ്ഥാനത്ത് ലഹരി വ്യാപനം തടയുകയും യുവജനങ്ങളെ മയക്കുമരുന്ന് മാഫിയയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്.

