തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിക്കുന്ന എട്ടാമത്തെ കേസാണിത്. ഈ മാസം റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസും ഇതുതന്നെയാണ്.
ഇതിനിടെ സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2) ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) ജില്ലകളിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) ജില്ലകളിലും ജൂൺ മാസത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 186 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 110 കേസുകൾ സ്ഥിരീകരിച്ചു.
ഡെങ്കിപ്പനിയും സംസ്ഥാനത്ത് ആശങ്കയാകുകയാണ്. ഇന്ന് 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിക്കുകയും ചെയ്തു. കൂടാതെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

