Home Keralaഅനീഷ്യ ആത്മഹത്യ കേസ്: ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഉറപ്പ് ചോദ്യചിഹ്നത്തിൽ

അനീഷ്യ ആത്മഹത്യ കേസ്: ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഉറപ്പ് ചോദ്യചിഹ്നത്തിൽ

by news_desk1
0 comments

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസിൽ പുതിയ വിവാദം. കേസിലെ ഒന്നാം പ്രതികളിൽ ഒരാളായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറക്കി. വയനാട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്യാംകൃഷ്ണയെ ആറ്റിങ്ങൽ കോടതിയിലേക്കാണ് മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് അടുത്തിടെ മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ നടപടി വിവാദമായത്. ഇതോടെ മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമായോ എന്ന ചോദ്യവും ഉയരുകയാണ്.

2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്.

സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീലിനെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണനെയും പ്രതിചേർത്തിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

തനിക്കെതിരെ നടന്ന മാനസിക പീഡനങ്ങളെക്കുറിച്ച് 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ അനീഷ്യ വിശദമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സുഹൃത്തുക്കൾക്ക് ശബ്ദസന്ദേശവും അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിന്റെ അന്വേഷണം, പ്രതികൾക്കെതിരായ നടപടികൾ, ഇപ്പോഴത്തെ സ്ഥലംമാറ്റം എന്നിവ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ പുതിയ സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

You may also like