Home Internationalപാകിസ്താനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

പാകിസ്താനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

by news_desk1
0 comments

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമസുരഗി സ്വദേശിയായ ഷേർഷാ എന്നയാളാണ് പിടിയിലായത്.

കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മൊഴിയും ലഭ്യമായ മറ്റ് തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പ്രതിക്ക് തീവ്രവാദ സംഘടനകളുമായോ നിരോധിത ഗ്രൂപ്പുകളുമായോ ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. എഴുപത് വയസ്സുകാരനായ ജഗന്നാദും ഭാര്യ അസ്മ വാന്ദിയുമാണ് വെടിയേറ്റ് മരിച്ചത്. മർദാൻ ജില്ലയിലെ ബാബു മൊഹല്ലയിലെ ഗുരുദ്വാരയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഗുരുദ്വാരയ്ക്കുള്ളിൽ പ്രവേശിച്ച അക്രമികൾ ദമ്പതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സംഭവത്തിന് പിന്നാലെ ഗുരുദ്വാരയ്ക്ക് കർശനമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അതേസമയം, കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടും പ്രവിശ്യാ ഭരണകൂടത്തോടും സിഖ് മതനേതാക്കൾ ആവശ്യപ്പെട്ടു.

പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവമെന്ന് രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്തർദേശീയ പ്രതിബദ്ധതകൾ പാലിക്കുന്നതിൽ പാകിസ്താൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

You may also like