തൃശൂർ: തൃപ്രയാറിൽ 16 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കവർച്ചാസംഘത്തിലെ പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കവർച്ചയ്ക്ക് പിന്നിൽ രഞ്ജിത് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പ്രാഥമിക നിഗമനം. സമാന രീതിയിലുള്ള മറ്റൊരു കേസിൽ വയനാട്ടിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് വിളയൂർ പഞ്ചായത്ത് അംഗം മുഹമ്മദ് റാഫി ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനും കവർച്ചയ്ക്കും ഇരയായത്. രൂപ ഡോളറാക്കി മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കുഴൽപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട സംഘം ഇവരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്.
തുടർന്ന് മുളകുപൊടി സ്പ്രേ ചെയ്ത് കത്തി കാട്ടി 16 ലക്ഷം രൂപ കവർന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സംസ്ഥാന അതിർത്തികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് വ്യാപക പരിശോധന തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

