തിരുവനന്തപുരം: നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നതായി റിപ്പോർട്ട്. ആയുർവേദ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം ശുപാർശ ചെയ്തിരിക്കുന്നത്.
എൻജിഒ അസോസിയേഷൻ ഡിഎച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലുള്ള ലെറ്റർ പാഡാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു ശുപാർശയും നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന ലെറ്റർ പാഡിനെക്കുറിച്ച് അറിവില്ലെന്നും അസോസിയേഷൻ വിശദീകരിച്ചു.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ അന്യായമായ സ്ഥലംമാറ്റങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ പ്രതിഷേധിക്കുന്നതിനിടെയാണ് കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷന്റെ പേരിലുള്ള സ്ഥലംമാറ്റ ശുപാർശ കത്ത് വിവാദമായത്.
കഴിഞ്ഞ മാസം അവസാനം നടന്ന എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം യുഡിഎഫ് അനുകൂല ജീവനക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ മറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ, ലെറ്റർ പാഡിന്റെ ഉറവിടവും പ്രചാരണത്തിന് പിന്നിലെ സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനിരിക്കുകയാണ്.

