മലപ്പുറം: പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പരിപാടിയില്‍ പ്രമേയം പാസാക്കി.
ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവും ഭരണഘടനാപരമായ ബാധ്യതകള്‍ നിറവേറ്റാത്തതും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ പദ്ധതിയാണ് പിഎം ശ്രീയെന്നും അത് കേരളത്തില്‍ നടപ്പാക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള മാന്‍ഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയതെന്നും രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറേണ്ടതുണ്ടെന്നും പ്രമേയം പറയുന്നു. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് യൂത്ത് ലീഗ് പരസ്യമായി കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിലെത്തി കത്തയക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.
മുന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചതിനാല്‍ നിലവിലെ സര്‍ക്കാരിന് പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.
അതേസമയം, പിഎം ശ്രീ വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ മുന്‍ നിലപാടെന്നും കോണ്‍ഗ്രസും ലീഗും വലിയ വിവാദമാക്കിയ പദ്ധതിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി-സിപിഎം ഡീല്‍ എന്ന ആരോപണം ഉയര്‍ത്തിയിരുന്ന യുഡിഎഫ്, അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എതിര്‍പ്പ് മാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

