കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 32 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 700-ലധികം പേർക്ക് പരിക്കേറ്റതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അവർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണസംഖ്യ ആയിരത്തോളമാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇടിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ആദ്യ ഭൂചലനത്തിന് 7.1 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകീട്ട് ആറുമണിയോടെയായിരുന്നു ആദ്യ ഭൂചലനം ഉണ്ടായത്. മെറോണിന് സമീപമുള്ള മോണ്ടാൽബണിന് സമീപമായിരുന്നു പ്രഭവകേന്ദ്രം. ഏകദേശം 13 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
സെക്കൻഡുകൾക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. മൊറേണിന് ഏകദേശം 16 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നു രണ്ടാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. അയൽരാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ കാരക്കാസിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

