Home Nationalകഫേയിൽ കൊലപാതക ഗൂഢാലോചന, പൊരിവെയിലിൽ ഹൂഡി ധരിച്ച് പിന്നാലെ; കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്ത്

കഫേയിൽ കൊലപാതക ഗൂഢാലോചന, പൊരിവെയിലിൽ ഹൂഡി ധരിച്ച് പിന്നാലെ; കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്ത്

by news_desk1
0 comments

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. സംഭവദിവസം കേതന്റെ പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും പൂനെയിലെ ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തിയതായും അവിടെ വെച്ചാണ് കൊലപാതക പദ്ധതി ചർച്ച ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ലോഹഗഡ് കോട്ടയിൽ കേതനെ തള്ളിയിടാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ഈ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നുവെന്നാണ് വിവരം. തുടർന്ന് സിയയും കേതനും കോട്ടയിലെത്തുകയും, പിന്നാലെ ചേതൻ എത്തി കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

സിയയുടെ നിലവിളി കേട്ടാണ് താൻ ഓടിയെത്തിയതെന്നും “സഹായിക്കൂ” എന്ന് പറഞ്ഞ് അവർ അലറിയിരുന്നുവെന്നും കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ധീരജ് ജാദവ് പറഞ്ഞു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയിൽ 24 മണിക്കൂറും സുരക്ഷാ സംവിധാനമുണ്ടെന്നും സമീപത്ത് പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ നിർണായക തെളിവായി മാറിയത് ചേതൻ ധരിച്ചിരുന്ന ഹൂഡിയാണ്. സിസിടിവി ദൃശ്യങ്ങളിൽ കേതനും സിയയും പോയതിന് പിന്നാലെ മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡി ധരിച്ച് നടന്നുപോകുന്നയാളെ കാണാം. ഹൂഡിക്ക് മുകളിൽ ഹെഡ്സെറ്റും ഇയാൾ ധരിച്ചിരുന്നു. 33 ഡിഗ്രി സെൽഷ്യസ് ചൂടുള്ള സമയത്ത് ഇത്തരത്തിൽ ഹൂഡി ധരിച്ചെത്തിയത് അന്വേഷണസംഘത്തിന് സംശയമുണർത്തി. ഇടയ്ക്ക് സിയ ഇയാളെ തിരിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സിയയും ചേതനും കഴിഞ്ഞ ആറുമാസത്തിനിടെ 2,004 തവണ ഫോണിൽ ബന്ധപ്പെടുകയും 238 മണിക്കൂറിലധികം സംസാരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5.40 വരെ ചേതൻ തന്റെ മൊബൈൽ ഇന്റർനെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷൻ ട്രാക്കിംഗ് ഒഴിവാക്കാൻ സ്വന്തം ഫോൺ കടയിൽ വെച്ച് ജീവനക്കാരന്റെ ഫോൺ കൈവശം കൊണ്ടാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കേതൻ വിശാൽ അഗർവാളിന്റെ മരണം പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. അപകടമാണെന്നാണ് ആദ്യം സിയ ഗോയൽ പൊലീസിനെയും കുടുംബത്തെയും അറിയിച്ചിരുന്നത്. എന്നാൽ കേതന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.

കേതന്റെ മരണം പുറംലോകമറിഞ്ഞതിന് പിന്നാലെ സിയ സാമൂഹിക മാധ്യമത്തിൽ വൈകാരിക കുറിപ്പും പങ്കുവെച്ചിരുന്നു. ഏതാനും ആഴ്ചകൾക്കകം ഭർത്താവാകേണ്ടിയിരുന്ന ആളെയാണ് നഷ്ടമായതെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു.

പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുമായുള്ള വിവാഹനിശ്ചയം. നവംബർ 25-ന് വിവാഹം നടക്കാനിരിക്കെ, ജയ്പൂരിൽ വിവാഹ ഒരുക്കങ്ങൾ പൂർത്തിയാക്കി അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങൾ വരെ ബുക്ക് ചെയ്തിരുന്നു. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാനും കേതൻ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം.

You may also like