കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നൽകി നടി അൻസിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനായി ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്നും പരാതിയിൽ പറയുന്നു.
‘അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്? സഹോദരനോ കാമുകനോ? അൻസിബ മദ്യപാനി, ബിൽ കൊടുത്തത് ഞാൻ. വെല്ലുവിളിക്കുന്നു. അൻസിബ കേസ് കൊടുക്കട്ടെ. ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ…’ എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും അൻസിബ ആരോപിച്ചു.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ലക്ഷ്മിപ്രിയയും മുൻ പ്രസിഡന്റ് ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
രാജിവെച്ചതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തെ ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനായി നിയമവിരുദ്ധ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതായും അതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അൻസിബ ആവശ്യപ്പെട്ടു.
തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മിപ്രിയ, അതിന് വേദിയൊരുക്കിയ യൂട്യൂബ് ചാനലിന്റെ ഉടമ സുകുമാർ, ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന ശ്വേതാ മേനോൻ, ഇതിന് പിന്നിൽ പ്രവർത്തിച്ച പി.ആർ. ഏജൻസികൾ എന്നിവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി നിയമപരമായ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

