Home Keralaബിജെപിയിൽ നേതാക്കൾക്ക് പരിശീലന ക്ലാസും പരീക്ഷയും; വിജയിച്ചാൽ മാത്രമേ നേതൃചുമതല, സംസ്ഥാന അധ്യക്ഷന്റെ നിർദേശം

ബിജെപിയിൽ നേതാക്കൾക്ക് പരിശീലന ക്ലാസും പരീക്ഷയും; വിജയിച്ചാൽ മാത്രമേ നേതൃചുമതല, സംസ്ഥാന അധ്യക്ഷന്റെ നിർദേശം

by news_desk1
0 comments

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ നേതൃത്വ പരിശീലന ക്ലാസും പരീക്ഷയും സംഘടിപ്പിക്കാൻ തീരുമാനം. സംഘടനയെക്കുറിച്ച് വ്യക്തമായ അറിവും നേതൃപാടവവും ഉള്ള പ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

മണ്ഡല അടിസ്ഥാനത്തിലായിരിക്കും പരിശീലന ക്ലാസുകളും പരീക്ഷയും നടക്കുക. ബൂത്ത് തലത്തിലെ നേതാക്കൾ ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികളും പ്രവർത്തകരും പരിശീലനത്തിൽ പങ്കെടുക്കണം. പഠന ക്ലാസുകൾക്ക് ശേഷമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയിൽ വിജയിക്കുക നിർബന്ധമാണെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് ‘പ്രശിക്ഷൺ ശിബിർ’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. സംഘടനാപരവും ആശയപരവുമായി വിവിധ ക്ലാസുകൾ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഇതോടൊപ്പം നേതാക്കളുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലാസുകളും ഉണ്ടാകും. എല്ലാ നേതാക്കളും പാർട്ടിയുടെ ഡിജിറ്റൽ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രാപ്തരാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പാർട്ടിയുടെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നതും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേതാക്കൾക്ക് പരിശീലനം നൽകും. പഠന ക്ലാസുകളിൽ അവതരിപ്പിച്ച വിഷയങ്ങൾ പൂർണമായി സ്വായത്തമാക്കിയിട്ടുണ്ടോയെന്ന് വിലയിരുത്തുന്നതിനായാണ് പരീക്ഷ നടത്തുന്നത്.

സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ഈ പരിശീലന ക്ലാസും പരീക്ഷയും സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.

You may also like