ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജീവനക്കാർ മോഷണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.
സംഭാവന മോഷണത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ചമ്പത്ത് റായ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിൽ നിന്ന് രാജിവെച്ച അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറിയിച്ചു. കേസിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
സംഭാവന ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ ചമ്പത്ത് റായിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ജൂൺ നാലിന് സംഭാവനാ പണം എണ്ണുന്ന മുറിയോടു ചേർന്ന ശുചിമുറിയിൽ നിന്ന് നാല് ലക്ഷം രൂപയോളം കണ്ടെത്തിയിരുന്നു. തുടർന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥരും രാമക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരും കൗണ്ടിംഗ് റൂം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഒരു ബാഗ് നിറയെ പണവും കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചമ്പത്ത് റായിയെ ചോദ്യം ചെയ്തത്.
അതേസമയം, സംഭാവനാ തട്ടിപ്പ് വിവാദത്തിനിടെ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ വീട്ടുതടങ്കലിലാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാർട്ടി പ്രതിനിധി സംഘം രാമക്ഷേത്രം സന്ദർശിക്കാനിരിക്കെയായിരുന്നു നടപടി. ഇക്കാര്യം കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ഉന്നതതല പ്രതിനിധി സംഘം ആരാധനാ ചടങ്ങുകൾക്കായി അയോധ്യ സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അജയ് റായ് നയിച്ച സംഘമാണ് ഇന്നലെ അയോധ്യയിലെത്തിയത്. പിന്നാലെയാണ് സന്ദർശനത്തിൽ നിന്ന് ഇവരെ വിലക്കിയെന്ന വിവരം പുറത്തുവന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന ആരോപണവും ഉയർന്നതിനെ തുടർന്നാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചിരുന്നു.
ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് അന്വേഷണസംഘത്തിലെ അംഗങ്ങൾ.
അതേസമയം, വിവാദങ്ങൾക്കിടയിലും രാമക്ഷേത്രത്തിലെ സംഭാവനയിൽ കുറവില്ലെന്നാണ് റിപ്പോർട്ടുകൾ. വേനലവധിക്കാലത്ത് സാധാരണ ദിവസങ്ങളിൽ 10 മുതൽ 12 ലക്ഷം രൂപ വരെ സംഭാവന ലഭിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇത് 24 ലക്ഷം രൂപവരെ എത്തിയതായാണ് റിപ്പോർട്ടുകൾ.

