തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, കൂടുതൽ വില നൽകി സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങാൻ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ച മഴ ഇത്തവണ ലഭിച്ചിട്ടില്ലെന്നും, മഴയുടെ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
“രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. നാല് മുതൽ അഞ്ച് ദിവസം വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. കാലാവസ്ഥയെ ആശ്രയിച്ചാകും ഇനി വൈദ്യുതി നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഇതുസംബന്ധിച്ച് നാളെ നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും,” മന്ത്രി പറഞ്ഞു.
അതേസമയം, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നു. ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ, ഉത്തരവിൽ കെഎസ്ഇബിക്കെതിരെ വിമർശനങ്ങളും റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള BESS പദ്ധതി വൈകുന്നതായും, പദ്ധതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി സമർപ്പിച്ചില്ലെന്നും, പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശനമുണ്ടെന്നും, ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നും നിർദേശിച്ചു. മൺസൂൺ ശക്തിപ്പെടുന്നതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

