Home Keralaഭൂട്ടാൻ വാഹനക്കടത്ത് കേസ്; ദുൽഖർ സൽമാനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ വാഹനക്കടത്ത് കേസ്; ദുൽഖർ സൽമാനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്

by news_desk1
0 comments

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നലെ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്.

ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങൾ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് നിസ്സാൻ പട്രോൾ പിടിച്ചെടുത്തത്. ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.

പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110A പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും, വാഹനം വിട്ടുനൽകാൻ കഴിയാത്ത പക്ഷം അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ നടത്തിയ ഓപ്പറേഷൻ നുംഖോർ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാളിലെ ജയ്ഗാവ് സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരി ഉൾപ്പെടെ നാല് പേരെയും കൊച്ചി കസ്റ്റംസും ഷില്ലോങ് കസ്റ്റംസും സശസ്ത്ര സീമാ ബലിന്റെയും സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തിയെന്ന കേസാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. കൊച്ചി കസ്റ്റംസ് യൂണിറ്റാണ് ഓപ്പറേഷൻ നുംഖോർ അന്വേഷണത്തിന് തുടക്കം കുറിച്ചത്.

You may also like