Home Internationalസെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യയുടെ അർധരാത്രി ആക്രമണം; കീവിൽ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 2 മരണം, പ്രമുഖ ഹോട്ടലുകൾ തകർന്നു

സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യയുടെ അർധരാത്രി ആക്രമണം; കീവിൽ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 2 മരണം, പ്രമുഖ ഹോട്ടലുകൾ തകർന്നു

by news_desk1
0 comments

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനമായ കീവിൽ റഷ്യയുടെ അർധരാത്രി ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് ആരോഗ്യപ്രവർത്തകരടക്കം 16-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മണിക്കൂറുകളോളം നീണ്ട വ്യോമാക്രമണത്തിൽ നിരവധി ജനവാസ മേഖലകൾ തകരുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു പാർപ്പിട സമുച്ചയം പൂർണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തെ തുടർന്ന് നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും തീപിടിച്ചു. പ്രീമിയർ പാലസ്, സിറ്റിഹോട്ടൽ റെസിഡൻസ് എന്നീ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായത്. ഷെവ്ചെങ്കോ ബോളിവാർഡിലുള്ള ഹോട്ടലിന്റെ മുകൾഭാഗവും മേൽക്കൂരയും പൂർണമായും കത്തിനശിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇതിനുപുറമെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറ് നിലകൾ ആക്രമണത്തിൽ തകർന്നു. കീവിലെ 10 ഡിസ്ട്രിക്റ്റുകളെയും ബാധിക്കുന്ന രീതിയിലാണ് റഷ്യൻ ഡ്രോണുകളും ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും പതിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കീവ് ലക്ഷ്യമാക്കിയെത്തിയ ഭൂരിഭാഗം ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തുവെങ്കിലും തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് നഗരത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.

സംഭവസ്ഥലങ്ങളിൽ അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും തീയണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. പല ഭാഗങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ കുട്ടികളെയും വളർത്തുമൃഗങ്ങളെയും കൂട്ടി ആയിരക്കണക്കിന് ആളുകളാണ് ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്ക് അഭയം തേടിയത്.

റഷ്യ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് അയർലൻഡ് സന്ദർശനം പാതിവഴിയിൽ അവസാനിപ്പിച്ച അദ്ദേഹം യുക്രെയ്നിലേക്ക് തിരിച്ചെത്തിയിരുന്നു.

You may also like