Home Keralaഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ തേടി അന്വേഷണം ശക്തം; വീണ്ടും ചോദ്യം ചെയ്യും

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ തേടി അന്വേഷണം ശക്തം; വീണ്ടും ചോദ്യം ചെയ്യും

by news_desk1
0 comments

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങളെ കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ച് വാഹനങ്ങൾ കണ്ടെത്താനാണ് നീക്കം.

ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ കൂടി ദുൽഖറിന്റെ കൈവശമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടിരുന്നു.

നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണെന്ന് അറിയാതെയാണ് താൻ അവ വാങ്ങിയതെന്നാണ് ദുൽഖർ കസ്റ്റംസിന് നൽകിയ മൊഴി. വാഹനക്കടത്ത് റാക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും കൈവശമുള്ള വാഹനങ്ങൾക്ക് ആവശ്യമായ രേഖകൾ ഉണ്ടെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ നടത്തിയ റെയ്ഡിനിടെ ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങൾ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് നിസ്സാൻ പട്രോൾ പിടിച്ചെടുത്തത്. ‘ലക്കി ഭാസ്കർ’ സിനിമയിൽ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.

ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുമ്പോൾ കസ്റ്റംസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, വാഹനം വിട്ടുനൽകാനുള്ള അപേക്ഷ നിയമപ്രകാരം പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ സാധിക്കുമെന്നും, വിട്ടുനൽകുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാളിലെ ജയ്ഗാവ് സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരി ഉൾപ്പെടെ നാല് പേരെയും കൊച്ചി കസ്റ്റംസ്, ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബലിന്റെയും സഹായത്തോടെ പിടികൂടിയിരുന്നു.

കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ‘ഓപ്പറേഷൻ നുംഖോർ’ ആരംഭിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് വിൽക്കുന്ന ശൃംഖലയെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

You may also like