Home Internationalആഡംബര വസതിയിൽ 500 കിലോ പ്ലാസന്റ; വൻ അവയവക്കടത്ത് ശൃംഖലയിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ആഡംബര വസതിയിൽ 500 കിലോ പ്ലാസന്റ; വൻ അവയവക്കടത്ത് ശൃംഖലയിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

by news_desk1
0 comments

ഇസ്ലാമബാദ്: പാകിസ്ഥാനിൽ പ്രായമാകുന്നത് തടയുന്നതിനുള്ള ഇൻജക്ഷനുകൾ നിർമ്മിക്കാൻ ആശുപത്രികളിൽ നിന്ന് പ്ലാസന്റ (മറുപിള്ള) നിയമവിരുദ്ധമായി ശേഖരിച്ച് വിൽപ്പന നടത്തിയ വൻ ശൃംഖല പിടിയിൽ. 500 കിലോഗ്രാം പ്ലാസന്റയുമായാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനിലെ വിവിധ ആശുപത്രികളിൽ നിന്ന് ഓരോ മാസവും പ്ലാസന്റ ശേഖരിച്ചിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്ലാമബാദിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

സാധാരണയായി പ്രസവത്തിന് ശേഷം പ്ലാസന്റ ഉപേക്ഷിക്കുകയോ ഗവേഷണ ആവശ്യങ്ങൾക്ക് നൽകുകയോ ചെയ്യുന്നതാണ് പതിവ്. എന്നാൽ പിടിയിലായവർ പ്ലാസന്റ ശേഖരിച്ച് സംസ്കരിച്ച് കടത്തുന്ന വലിയ അനധികൃത ശൃംഖലയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആന്റി ഏജിംഗ് ഇൻജക്ഷനുകൾക്കായി ശേഖരണം

പ്ലാസന്റ ശേഖരിച്ച ശേഷം ഉണക്കിയാണ് സംഘം സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം വിയറ്റ്നാമിലേക്ക് കടത്താൻ തയ്യാറാക്കിയിരുന്ന 100 കിലോഗ്രാം മനുഷ്യ കോശങ്ങളും ഇസ്ലാമബാദ് വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു.

റാവൽപിണ്ടി, ഇസ്ലാമബാദ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്നാണ് പ്ലാസന്റ ശേഖരിച്ചിരുന്നത്. ഓരോ പ്ലാസന്റയ്ക്കും 800 രൂപ വീതം നൽകിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇവ പ്രായമാകുന്നത് ചെറുക്കുന്നതിനുള്ള ആന്റി ഏജിംഗ് ഇൻജക്ഷനുകൾ നിർമ്മിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ഓരോ ഇൻജക്ഷനും ഏകദേശം ഏഴ് ലക്ഷം രൂപ വരെ വിലവരുമെന്നാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വ്യക്തമാക്കിയത്.

വ്യാപക ശൃംഖലയെന്ന സംശയം

നഗരകേന്ദ്രങ്ങളിൽ മാത്രമല്ല, ലാഹോർ, പേഷ്വാർ, റാവൽപിണ്ടി എന്നിവിടങ്ങളിലും ഈ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ആശുപത്രികളിലെ മെഡിക്കൽ മാലിന്യ നിർമാർജന കരാറുള്ള കമ്പനികളുമായും സംഘത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

പാകിസ്ഥാനിൽ മനുഷ്യ അവയവങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുന്നത് പത്ത് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അറസ്റ്റിലായപ്പോൾ ആടുകളുടെ പ്ലാസന്റയാണ് കൈവശമുണ്ടായിരുന്നതെന്ന് പ്രതികൾ വാദിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് അവ മനുഷ്യ പ്ലാസന്റയാണെന്ന് വ്യക്തമായത്.

അതീവ സുരക്ഷാ മേഖലയിലെ ആഡംബര വസതി

കുഞ്ഞ് ഗർഭത്തിൽ വളരുന്ന സമയത്ത് പോഷകങ്ങൾ നൽകുന്ന അവയവമാണ് പ്ലാസന്റ. ഇതിൽ പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരകോശങ്ങളുടെ പുനർനിർമാണത്തിന് സഹായിക്കുമെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളെക്കുറിച്ച് ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ഇസ്ലാമബാദിലെ അതീവ സുരക്ഷയുള്ള എഫ്-7 സെക്ടറിലെ ഒരു ആഡംബര വസതിയിലായിരുന്നു പ്ലാസന്റ ശേഖരിച്ചിരുന്നത്.

സാധാരണയായി മെഡിക്കൽ രംഗത്ത് കടുത്ത നിയന്ത്രണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി മുറിവുകൾ ഉണക്കുന്നതിനും പൊള്ളലേറ്റവരുടെ ചികിത്സയ്ക്കും ചില പ്രത്യേക മരുന്നുകൾക്കും മാത്രമാണ് പ്ലാസന്റ ഉപയോഗിക്കുന്നത്.

പാകിസ്ഥാനിൽ മനുഷ്യ അവയവക്കടത്ത് ഇതാദ്യമായല്ല പുറത്തുവരുന്നത്. മുമ്പും പാവപ്പെട്ട തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി അവരുടെ വൃക്കകൾ ബലമായി നീക്കം ചെയ്ത് വിദേശികൾക്ക് വിൽക്കിയിരുന്ന മാഫിയ സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. ആ അനധികൃത അവയവക്കടത്തിന്റെ പുതിയ രൂപമായാണ് ഇപ്പോൾ പുറത്തുവന്ന പ്ലാസന്റ കള്ളക്കടത്ത് വിലയിരുത്തപ്പെടുന്നത്.

You may also like