Home Keralaകോഴിത്തീറ്റ വില കുതിച്ചുയരുന്നു; അഞ്ച് മാസത്തിനിടെ ചാക്കിന് 500 രൂപയുടെ വർധന, പ്രതിസന്ധിയിൽ കോഴി കർഷകർ

കോഴിത്തീറ്റ വില കുതിച്ചുയരുന്നു; അഞ്ച് മാസത്തിനിടെ ചാക്കിന് 500 രൂപയുടെ വർധന, പ്രതിസന്ധിയിൽ കോഴി കർഷകർ

by news_desk1
0 comments

ഇടുക്കി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഏകദേശം 500 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

തീറ്റവില തുടർച്ചയായി ഉയരുന്നതോടെ കോഴിവളർത്തൽ ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു.

മൂവാറ്റുപുഴയ്ക്ക് സമീപം കോഴിവളർത്തൽ നടത്തുന്ന കർഷകനായ റെബി പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം കോഴിത്തീറ്റയുടെ വിലയിൽ വലിയ വർധനയുണ്ടായി. നേരത്തെ ഏകദേശം 1,900 രൂപയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,400 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. ഇത് കോഴി കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോഴി വളർത്തലിന് ആവശ്യമായ അറക്കപ്പൊടി ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി ക്ഷാമവും മേഖലയെ ബാധിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരം രൂപയ്ക്ക് മുകളിലാണ് ദിവസവേതനമായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം ടാക്സ്, ലൈസൻസ് തുടങ്ങിയ ഇനങ്ങളിൽ നൽകേണ്ട തുകയും ഗണ്യമായി വർധിച്ചതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉൽപാദനച്ചെലവ് ഉയരുന്നതിനാൽ കോഴിവളർത്തൽ തുടരുന്നത് കൂടുതൽ പ്രയാസകരമാകുകയാണെന്നാണ് അവരുടെ വിലയിരുത്തൽ.

You may also like