കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. മകൻ ചെയ്ത ക്രൂരതയ്ക്ക് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
“എന്റെ മകൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. അവന്റെ മൃതദേഹം ഞാൻ സ്വീകരിക്കില്ല, വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ നല്ലതൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു എതിർപ്പുമില്ല,” എന്ന് പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
മകന്റെ മരണവിവരം അറിയിക്കാൻ രണ്ട് പോലീസുകാർ വീട്ടിലെത്തിയപ്പോഴും ആശുപത്രിയിലേക്ക് പോകാൻ കുടുംബം വിസമ്മതിച്ചു. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രഭാസ് മൊണ്ടാൽ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് വെടിയേറ്റതെന്നും പിന്നീട് ഇയാൾ മരിച്ചതായും പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മറ്റ് രണ്ട് പേരുമായി ചേർന്ന് കൂട്ടബലാത്സംഗം നടത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ ജീവനോടെ ചാക്കിൽ കെട്ടി കുളത്തിലേക്ക് എറിഞ്ഞതായും അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറിയതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.

