ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിനെ തുടർന്ന് കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
പ്രധാനാധ്യാപിക നടത്തിയ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ സ്കൂളുകൾ രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അടുത്തിടെ സർക്കുലർ പുറത്തിറക്കിയിരുന്നു. വിജയ്യുടെ പ്രസംഗം വിദ്യാർഥികൾ സ്കൂളിൽ ഇരുന്ന് കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നിയമന ഉത്തരവുകൾ കൈമാറുന്നതിനിടെ മുഖ്യമന്ത്രി വിജയ് വികാരാധീനനായതായി കരൂർ എംപി ജ്യോതിമണി പറഞ്ഞു. ഉത്തരവുകൾ കൈമാറുന്ന വേളയിൽ വിജയ് കണ്ണീരടക്കാനായില്ലെന്നും സർക്കാർ നടപടികളെ രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്നും എംപി പ്രതികരിച്ചു. ചടങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ 32 പേർക്കാണ് മുഖ്യമന്ത്രി നിയമന ഉത്തരവുകൾ കൈമാറിയത്. ഉച്ചയ്ക്ക് ശേഷം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സെപ്റ്റംബറിൽ 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തെ തുടർന്ന്, പൊലീസിനെയും ഡി.എം.കെ സർക്കാരിനെയും വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് നേരത്തെ രംഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും, ജനക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി കൈക്കൂലി നൽകരുതെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുരന്തത്തിന് ശേഷം വിജയ് കരൂർ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

