Home Kerala‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സി.പി.ഐ.എം വിഭാഗീയതയിൽ കർശന നിർദ്ദേശവുമായി സംസ്ഥാന നേതൃത്വം

‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സി.പി.ഐ.എം വിഭാഗീയതയിൽ കർശന നിർദ്ദേശവുമായി സംസ്ഥാന നേതൃത്വം

by news_desk
0 comments

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ പുകയുന്ന വിഭാഗീയതയ്ക്ക് അടിയന്തരമായി അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടലുമായി സംസ്ഥാന നേതൃത്വം. മുതിർന്ന നേതാക്കളായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി വി. ജോയി എന്നിവർ പരസ്പര ധാരണയോടെ യോജിച്ച് മുന്നോട്ടുപോകണമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകി. ജില്ലാ നേതൃത്വവുമായി പൂർണ്ണമായി സഹകരിക്കാൻ വി. ശിവൻകുട്ടിയോട് ആവശ്യപ്പെട്ട നേതൃത്വം, പാർട്ടി പരിപാടികളിൽ ശിവൻകുട്ടിയെയും കടകംപള്ളിയെയും കൃത്യമായി സഹകരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി വി. ജോയിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം തലസ്ഥാനത്ത് ഈ മൂന്ന് പ്രമുഖ നേതാക്കളും ഒന്നിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ ഈ അടിയന്തര ഇടപെടലാണെന്നാണ് പുറത്തുവരുന്ന വിവരം. ജില്ലാ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത പരസ്യമായ തർക്കങ്ങളും ചേരിതിരിവുകളും പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയ് വർക്കല മണ്ഡലത്തിൽ മത്സരിക്കാൻ പോയതോടെയാണ് തിരുവനന്തപുരത്തെ നേതൃത്വത്തിൽ അനിശ്ചിതത്വം ആരംഭിച്ചത്. ആ ഘട്ടത്തിൽ സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതല എ.എ. റഹീമിന് നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ ജയിച്ച് എം.എൽ.എയായ ശേഷവും വി. ജോയ് തന്നെ ജില്ലാ സെക്രട്ടറിയായി തുടരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വി. ശിവൻകുട്ടിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വി. ജോയിക്കെതിരെ നീക്കം നടത്തിയതെന്നാണ് സൂചനകൾ. ഇതിനിടെ വി. ശിവൻകുട്ടിയെ പുതിയ ജില്ലാ സെക്രട്ടറിയാക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും, സംസ്ഥാന നേതൃത്വം അത് വെട്ടി വി. ജോയ് തന്നെ പദവിയിൽ തുടരട്ടെയെന്ന് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള ആഭ്യന്തര ഭിന്നതകൾ പരസ്യമായത്. വി. ജോയിയെ സെക്രട്ടറിയായി നിശ്ചയിച്ച നിർണ്ണായക യോഗത്തിൽ നിന്ന് ശിവൻകുട്ടി വിട്ടുനിന്നിരുന്നു. തുടർന്ന്, പാർട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത, കോവളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വിഴിഞ്ഞം പ്രതിഷേധ പരിപാടിയിലേക്ക് വി. ശിവൻകുട്ടിയെ ക്ഷണിക്കാതിരുന്നതും വലിയ ചർച്ചയായി. ഇതോടെ ശിവൻകുട്ടി നേരിട്ട് സംസ്ഥാന നേതൃത്വത്തെ കണ്ട് തന്റെ കടുത്ത അമർഷവും പരാതിയും ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം വിഷയത്തിൽ അടിയന്തര പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങിയത്. സംസ്ഥാന നേതൃത്വത്തിന്റെ കർശനമായ താക്കീതിനെ തുടർന്നാണ് നേതാക്കൾ ഭിന്നതകൾ താൽക്കാലികമായി മാറ്റിവെച്ച് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ചെത്തിയത്.

You may also like